മേൽപ്പുരയും നമസ്ക്കാര മണ്ഡപവും ചെമ്പുപാകാനുള്ള മഹത്കർമ്മത്തിന് തുടക്കം കുറിക്കുന്നു.
സർവ്വാന്തര്യാമിയും സർവ്വശക്തനും സർവ്വാഭീഷ്ട വരദായകനുമായ ശ്രീകൃഷ്‌ണഭഗവാൻ്റെ അനുഗ്രഹവർഷത്താൽ പ്രശോഭിക്കുന്ന കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണക്ഷേത്രം, തന്ത്രീശ്വരൻ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് അവർകളുടെ അനുഗ്രഹാശിസ്സുകളോടെ മേൽപ്പുരയും നമസ്ക്കാര മണ്ഡപവും ചെമ്പുപാകാനുള്ള മഹത്കർമ്മത്തിന് നാന്ദികുറിക്കുകയാണ്. മനുഷ്യമനസ്സിന് ശാന്തത നൽകാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ആത്മീയതയാണെന്ന് ഋഷീശ്വരന്മാർ കണ്ടെത്തി. മാനവരാശിയുടെ ആത്മീയോൽക്കർത്തിന് ക്ഷേത്രങ്ങളാണ് ആശ്രയം. സനാതനമൂല്യങ്ങൾ സംരക്ഷിക്കാൻ ക്ഷേത്രങ്ങൾ യഥാവിധി പരിപാലിക്കുകയും അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ഭക്തജനങ്ങളായ നമ്മുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ക്ഷേത്രപ്രവർത്തനങ്ങളൽ ഭാഗവാക്കാകുക എന്നത് ജന്മമോക്ഷം ലഭിക്കാനുള്ള മാർഗ്ഗമാണെന്ന് ഋഷിവര്യന്മാർ ഉദ്ഘോഷിക്കുന്നു.
ഭക്തജനങ്ങളുടെ ഈ ചിരകാല അഭിലാഷം പൂർത്തീകരിക്കാനുള്ള തീവ്രയത്നത്തിലാണ് ക്ഷേത്രക്കമ്മിറ്റി. ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും വിജയപ്രദമാക്കിത്തന്ന ഭക്തജനങ്ങളെ കൃതജ്ഞതയോടെ സ്‌മരിക്കുന്നതോടൊപ്പം ഇതും ഭംഗിയായി നിർവ്വഹിക്കുവാൻ സഹായിക്കേണമേ എന്ന് ഭഗവാൻ്റെ തിരുനാമത്തിൽ അപേക്ഷിക്കുന്നു. ഈ സദുദ്യമത്തിൽ പങ്കാളികളായി ഭഗവത് കടാക്ഷത്തിന് പാത്രീഭൂതരാകുവാൻ ഭക്ത്യാദരപൂർവ്വം അപേക്ഷിക്കുന്നു.
NB : ഒരു ചതുരശ്രഅടി ചെമ്പുപാകാൻ അനുബന്ധ ചെലവുകൾ അടക്കം 5000/- രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
Comments
Post a Comment