ക്ഷേത്ര വിശേഷങ്ങള്‍
ഗ്രാമീണ ജീവിതത്തിന്റെ തെളിമയും വിശുദ്ധിയും നിറഞ്ഞൊഴുകുന്ന ഒളവിലം ഗ്രാമം.
മയ്യഴി പുഴയോരത്തിനു ഒരുവിളിപ്പാട് അകലെ തൃക്കണ്ണാപുരത്തപ്പന്റെ ചൈതന്യം ജ്വലിക്കുന്ന ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ചൊക്ലി ഗ്രാമപഞ്ചായത്തിൽ തെക്കു മാറിയാണ് പുണ്യ പുരാതനമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. കൊച്ചു ഗുരുവായൂർ എന്ന അപരനാമത്തിൽ പ്രശസ്തമായ ക്ഷേത്രം കണ്ണാരത്ത് മല്ലോളിൽ തറവാട്ടുകാരുടെതായിരുന്നു. 1974 ൽ ക്ഷേത്രം ജനകീയ കമ്മിറ്റിക്ക് കൈമാറി. നാടിൻറെ സമസ്ത ചൈതന്യത്തിനും വഴിയൊരുക്കാൻ തൃക്കണ്ണാപുരത്തപ്പൻ്റെ സാന്നിധ്യം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്ന് നാട്ടുകാർ എല്ലാം മറന്ന് കൈകോർത്തു. ക്ഷേത്രാചാരങ്ങൾ പരശുരാമനാൽ നിശ്ചയിച്ചതാണ്. ക്ഷേത്രങ്ങളിൽ താന്ത്രികമായി കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ നേരിട്ട് ഉപദേശങ്ങൾ കൊടുത്തത് 2 കുടുംബാംഗങ്ങൾക്കാണ് തരണനെല്ലൂരിനും താഴ്മൺ മഠത്തിനും ഇപ്പോൾ താന്ത്രിക വിദ്യയുടെ അമരത്തുള്ള തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടാണ് ക്ഷേത്ര തന്ത്രിവര്യൻ. പതിവുപൂജകൾക്ക് പുറമേ മാസംതോറും ഉദയാസ്തമയ പൂജയും ഇംഗ്ലീഷ് മാസം ആദ്യദിനത്തിൽ ശ്രീ ബ്രഹ്മരക്ഷസിനും വിശേഷാൽ പൂജയും നടത്തിവരുന്നു ശ്രീകൃഷ്ണജയന്തി ഗുരുവായൂർ ഏകാദശി മണ്ഡല മഹോത്സവം കുചേലദിനം തുടങ്ങിയവ യഥാവിധി നടത്തി വരുന്നു. ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസമയ പൂജ നടത്തുവാൻ സാധിക്കാതെ വരുന്നവർക്ക് തൃക്കണ്ണാപുരത്ത് ഉദയാസമയ പൂജ നടത്തുന്നതിന് ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹത്തിന് വഴിക്കുമെന്ന് വിശ്വാസം ശക്തമാണ്. സർവ്വശക്തനും സർവ്വാധിഷ്ഠിത വരദായകനുമായ ശ്രീകൃഷ്ണ ഭഗവാൻ വലത് ഉള്ളം കയ്യിൽ നറുവെണ്ണയും ഇടതു കൈയിൽ ഓടക്കുഴലുമായി പുഞ്ചിരിച്ചു നിൽക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ശ്രീ ഗണപതി ഭഗവാനെയും ശ്രീ ഭഗവതിയെയും പുറത്ത് ശ്രീ അയ്യപ്പ ഭഗവാനെയും ദൈവങ്ങളായി പ്രതിഷ്ഠിച്ചിട്ടുണ്ട് അതിശക്തമായ ബ്രഹ്മരക്ഷസ്സിൻ്റെ സാന്നിധ്യം ക്ഷേത്രത്തിൻറെ മറ്റൊരു സവിശേഷതയാണ്. ആകർഷകവും ആഴവുമുള്ള ക്ഷേത്ര കുളവും പ്രത്യേകതയാണ്. ക്ഷേത്ര ചൈതന്യത്തെ സമസ്തഭാവവും വെളിപ്പെടുത്തുന്ന തൃക്കണ്ണാപുരം ക്ഷേത്രസന്നിധിയിലേക്ക് ദൂരദിക്കിൽ നിന്നും ഭക്തർ പ്രാർത്ഥനാപൂർവ്വം എത്തുന്നത് കൂടി വരികയാണ് ദേശീയപാതയിൽ മാഹി പാലത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ പെരിങ്ങാടി പോസ്റ്റ് ഓഫീസിന് മുമ്പിൽ നിന്നും വലതുമാറി പള്ളിക്കുനി റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചൊക്ലിയിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.
ആചാര്യന്മാർ ശാസ്ത്രീയമായി സംവിധാനം ചെയ്ത ക്ഷേത്രങ്ങളും അവയുടെ പരിധിയിലെ ദേശങ്ങളും തമ്മിലുള്ള പരസ്പരബന്ധം ദൃഢമാണ്. ക്ഷേത്ര ചൈതന്യ വർദ്ധനയ്ക്കും നാടിൻറെ ശ്രേയസ്സിനും ഒരു വ്യാഴവട്ടം കൂടുമ്പോൾ നവീകരണ കലശം ആവശ്യമാണ്.
തൃക്കണ്ണാപുരത്തപ്പന് കൃത്യമായി 2017 ൽ യഥാവിധി നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും നടന്നു.
Comments
Post a Comment